പഴയ ഗോപികൾ,
പഴയ കടമ്പും യമുനയും
തിരിച്ചറിഞ്ഞുവോ പുതിയ കൃഷ്ണനെ,
പുതിയ രാജ്യതന്ത്രതേരാളിയെ?
മറന്നോ പഴയ കണ്ണനെ പൈക്കിടാങ്ങൾ,
കുയിൽപ്പാട്ടുകൾ പഴയ താഴ്‌വാരങ്ങൾ?
മറന്നോ മേഘവർണ്ണനെ
രാധതൻ മയൂര നൃത്തങ്ങളും
ചന്ദ്രികയൊത്തുണരും പഴയ
പ്രേമോത്സവങ്ങളും?
മറന്നോ യമുന
പഴയ മുരളിയെ
രാഗമായൊഴുകിയെത്തിയ
സ്വപ്നവിഷാദങ്ങളെ
തീവ്രാനുരാഗത്തെ
ജന്മാന്തരജ്ഞാന കാരുണ്യങ്ങളെ?
പോയ കാലം ഓർമച്ചുമലിൽ കൊളുത്തി
പൊടിയണിഞ്ഞു നിൽപൂ
പഥികൻ കൃഷ്ണൻ
പഴയ വഴികളിൽ
ഏകാകിയാം വിരഹതപ്തമാനസൻ
വ്യഥിത യാത്രകൾ, നഗര വീഥികൾ
അനാഥരാത്രികൾ, നിദ്രാടനങ്ങൾ
വഴിയോരക്കാഴ്ചകൾ പോലെ
ക്ഷണിക സൗഹൃദ ബാധകൾ
ഒക്കെയും,
ഒക്കെയും പിന്നിട്ട്
നിൽപൂ കണ്ണൻ ദേശാടകൻ....
പഴയ പാട്ടുകൾ തൻ
തരള നിമിഷങ്ങൾ
വെറുതെ,
വെറുതെ
മോഹിച്ചവൻ നിൽക്കെ
കാലം തെറ്റിപ്പെയ്തൂ മഴ,
ഗോകുലത്തിൻ നിസ്സംഗവേനലിൽ.
----------------------------------------
സ്മിതാജയരാമൻ.
