"You will never walk alone"
നിങ്ങൾ ഒരിക്കലും തനിച്ചു നടക്കില്ല എന്നെഴുതി വെച്ച ലിവർപൂളിൻ്റെ ഔദ്യോഗിക മുദ്ര ലിവർപൂൾ എന്ന തൊഴിലാളി നഗരത്തിൻ്റെ ആത്മാവിൻ്റെ മന്ത്രമാണ്. ലേബർ പാർട്ടിയുടെ കോട്ട, ബീറ്റിൽസിൻ്റെ നഗരം - "പാവപ്പെട്ടവനെ തകർക്കുന്ന നിയമത്തെ യാണ് തകർക്കേണ്ടത് " എന്നു വിളിച്ചു പറഞ്ഞ നഗരം. തൊഴിലാളികളുടെ നഗരത്തിന് ഉൽപാദനത്തിൻ്റെ ന്യായമായ വിഹിതം ലഭിക്കാൻ ലണ്ടനിലെ ഭരണാധികാരികളുമായി കലഹിച്ച 80 കളോടെ കടുത്ത ഇടതു ചായ്വുള്ള നഗരമായിട്ടാണ് ലിവർപൂൾ പരിഗണിക്കപ്പെടുന്നത്,കാൽപന്തുകളിക്ക് എപ്പോഴും ഒരു ഇടതു സ്വഭാവമുണ്ട്. അസിസ്റ്റുകളും സേവുകളും അദ്ധ്വാനം നിറഞ്ഞ, ലക്ഷ്യബോധത്തോടെയുള്ള പോരാട്ടങ്ങളും എല്ലാം നൽകുന്ന ഒരു പരിവേഷമാണത്.
പുരോഗമനരാഷ്ട്രീയ നിലപാടുകളെടുക്കുന്ന ഉടമസ്ഥരുള്ള ധാരാളം ക്ലണ്ടുകളുണ്ട്. ബൊക്ക ജൂനിയേഴ്സ്, സെലെറ്റിക്, St. പോളി, ഹോപോൽ ടെൽ അവീവ്... അടുത്ത കാലത്ത് കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട വാർത്തകളിൽ നിറഞ്ഞ റെഡ്സ്റ്റാർ ബൽഗ്രേഡ് വരെ - ലിസ്റ്റ് നീളുന്നു. എന്നാൽ ലിവർപൂൾ എഫ് സി യെ വ്യത്യസ്തമാക്കുന്നത് ക്ലബ്ബിൻ്റെ സ്ഥായിയായ ഇടതുപക്ഷ സംസ്കാരം കൂടിയാണ്.
ലിവർപൂൾ എഫ് സി ആരംഭിച്ചത് കൺസർവേറ്റീവ് നേതാവും ലിവർപൂൾ മേയുമാ യിരുന്ന ജോൺ ഹോൾഡിംഗ് ആയിരുന്നു. എന്നാൽ ക്ലബ്ബിൻ്റെ കായിക രംഗത്തെ വളർച്ചയും ആശയപരമായ നിലപാടും ആരംഭിക്കുന്നത് ആരാധ്യനായ ഫുട്ബോൾ സംഘാടകർ സിൽ ഷാൻ ക്ലിയുടെ കാലത്താണ്. സ്കോട്ലൻ്റിലെ ഒരു ഖനിത്തൊഴിലാളിയുടെ മകനായി ജനിച്ച അദ്ദേഹം തൻ്റെ കടുത്ത സോഷ്യലിസ്റ്റ് രാഷ്ട്രീയം ഒരിക്കലും മറച്ചു വെച്ചില്ല, എന്നു തന്നെയല്ല ആ ആശയങ്ങൾ ടീമിനെ പരുവപ്പെടുത്തുന്നതിലും അദ്ദേഹം ഉപയോഗിച്ചു.
"വിജയകരമായ ജീവിതമെന്നത് എല്ലാവരും ഒരുമിച്ചു പണിയെടുക്കുകയും പരസ്പരം സഹായിക്കുകയും അതിൻ്റെ ഫലം ഒരുമിച്ചനുഭവിക്കുകയും ചെയ്യുക എന്നതു മാത്രമാണ് " എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. അങ്ങനെ ഒരുമിച്ചദ്ധ്വാനിക്കുകയും ഒരുമിച്ചു ഫലം കൊയ്യുകയും ചെയ്യുന്നതിൻ്റെ ഒരു തുടർച്ചയായിരുന്നു അദ്ദേഹത്തിന് പന്തുകളി . ''ഫുട്ബോൾ അദ്ധ്വാനിക്കുന്നവൻ്റെ അഭിമാനമാണ്" എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്. ആ ആശയത്തിലടിയുറച്ചു നിന്നു കൊണ്ടാണ് യൂറോപ്പിലെ ഒന്നാംനിര ക്ലബായി ലിവർപ്പൂളിനെ വാർത്തെടുത്തത്. ലിവർപൂൾ എഫ് സി ക്ക് അടിത്തറയിട്ട ആ ആശയങ്ങൾ ഒരിക്കലും കൈവിടില്ല എന്ന് ക്ലബ്ബിൻ്റെ സിഇഒ പീറ്റർ മൂർ പറയുന്നു.
ക്ലബ്ബിൻ്റെ ഇപ്പോഴത്തെ മാനേജർ ജർഗൻ ക്ലോപ്പും തൻ്റെ ഹൃദയപക്ഷം മറച്ചുവെക്കുന്നില്ല. തൻ്റെ രാഷ്ട്രീയ നിലപാട് മധ്യപക്ഷമല്ല, അത് ഇടത്തോട്ട് ചാഞ്ഞതാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. "ധനികരുടെ നികുതി കുറക്കുന്നവർക്കാവില്ല ഞാൻ വോട്ടു ചെയ്യുക" എന്ന് അദ്ദേഹം പറഞ്ഞതായി റാഫേൽ ഹോണിസ്റ്റൈൻ എന്ന ജേർണലിസ്റ്റ് എഴുതുന്നു. എല്ലാവരും എല്ലാവർക്കും വേണ്ടി പ്രയത്നിക്കുക എന്നിടത്താണ് ഒരു ഫുട്ബോൾ ടീമിൻ്റെ വിജയം. അതിൻ്റെ ഫലം എല്ലാവർക്കും ഒരുപോലെ പങ്കിടാം എന്ന് തൻ്റെ രാഷ്ട്രീയത്തെ തൻ്റെ ഫുട്ബോളുമായി അദ്ദേഹം ബന്ധപ്പെടുത്തുന്നു. ഏൽപ്പിച്ച ജോലി എല്ലാവരും ഭംഗിയായി ചെയ്യുമെന്ന് വിശ്വസിക്കുക; അവർ അത് ചെയ്തു കാണിക്കും എന്നു കരുതുന്ന ക്ലോപ്പിൻ്റെ സംഘം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടുമ്പോൾ തൊഴിലാളിയെക്കൊണ്ട് പണിയെടുപ്പിക്കേണ്ടതിനെപ്പറ്റി വാചാലമാവുന്ന പുത്തൻ മുതലാളിത്ത മാനേജ്മെൻ്റ് സിദ്ധാന്തങ്ങൾ കൂടിയാണ് അപ്രസക്ത മാവുന്നത്.
പോസ്റ്റ് കൊറോണ ലോകത്തിൻ്റെ സാമ്പത്തികത്തകർച്ചയും ദാരിദ്ര്യവും മനുഷ്യനെ ഉറ്റുനോക്കുമ്പോൾ പ്രതിവിധിയായി പകരം വെക്കാവുന്ന ഒരേയൊരു സിദ്ധാന്തം എല്ലാ മേഖലകളിലും ചർച്ച ചെയ്യപ്പെടുകയാണ്. ഈ വിജയത്തോടെ കായിക മേഖലയിലും ഈ ഓൾടർനേറ്റിവിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് സൈബർ ലോകത്തെ സ്പോർട്സ് ചർച്ചകൾ സൂചിപ്പിക്കുന്നത്.


