Saturday, 28 February 2009

ലാറ്റിൻ അമേരിക്കയും ലോകത്തിന്റെ സാമ്പത്തിക പരാധീനതകളും.

U K വളർച്ചാനിരക്ക്‌ 2009ൽ 2.8% പുറകോട്ടടിക്കുന്നു. രണ്ടാം ലോക യുദ്ധകാലത്ത്‌ സംഭവിച്ചതിനുശേഷം ഏറ്റവും ദനയീയം. കഴിഞ്ഞ ഏപ്രിലിനു ശേഷം ഇതുവരെ ബ്രിട്ടീഷ്‌ സാമ്പത്തിക വ്യവസ്ഥ 2.7% തലകുത്തി വീണുകഴിഞ്ഞു. സ്പെയിനിൽ തൊഴിലില്ലായ്മ 14% ആയിക്കഴിഞ്ഞു.USൽ പുതിയ പ്രതീക്ഷകളും ചുമലിലേറ്റി ഒബാമ അധികാരപീഢമേറുമ്പോൾ ഡൗ ജോൺസ്‌ സൂചിക 8000 നു താഴേക്ക്‌ ബാലൻസ്‌ തെറ്റി വീണു. കനഡയും തൊഴിൽ നഷ്ടങ്ങൾക്കും സാമ്പത്തിക ഞെരുക്കങ്ങൾക്കും പ്രതിവിധി തേടി പരക്കം പായുകയാണ്‌.

ലാറ്റിൻ അമേരിക്കയെപ്പറ്റി ഒരു ചൊല്ലുണ്ടായിരുന്നു. "When US sneezes Latin America catches cold." Great Depression നെ തുടർന്ന്‌ 30കളിലും 40കളിലും ചരിത്രം ഇതിനു സാക്ഷ്യം വഹിച്ചതാണ്‌.80കളിൽ അമേരിക്കയിൽ പലിശനിരക്ക്‌ കൂടിയപ്പോഴും ലാറ്റിൻ അമേരിക്ക കടക്കെണിയിൽ മുങ്ങിത്താണു. അന്ന്‌ ചിലി 14% നെഗറ്റീവ്‌ വളർച്ചയാണ്‌ രേഖപ്പെടുത്തിയത്‌. തൊഴില്ലായ്മ 30-35%വും. ഇപ്പോഴത്തെ അവസ്ഥയോ? ഏ ആഗോള സാമ്പത്തിക മാന്ദ്യസമയത്ത്‌ ലാറ്റിനമേരിക്കയുടെ വളർച്ചാനിരക്ക്‌ 4%ൽ നിന്ന്‌ 2%ലേക്ക്‌ ഇടിഞ്ഞു. തൊഴിലില്ലായ്മ 7.5ൽ നിന്ന്‌ 8ൽ എത്തിച്ചേരും എന്നുകരുതപ്പെടുന്നു.പെറു തുടങ്ങിയ രാജ്യങ്ങൾ 5% വളർച്ചാനിരക്ക്‌ പ്രതീക്ഷിക്കുമ്പോൾ ക്യൂബ പനാമ ഉറുഗ്വേ തുടങ്ങിയവ 4%വും അർജ്ജന്റീന ബ്രസീൽ ചിലി വെനിസ്വേല തുടങ്ങിയവ 2നും 3നും ഇടയിലും വളരുമെന്നുകരുതപ്പെടുന്നു. ഇത്‌ സാമ്പത്തിക പരാധീനതക്കാലത്തെ അവരുടെ മുൻകാല അനുഭവവുമായി താരതമ്യപ്പെടുത്തുമ്പോൾ തീർച്ചയായും ഒരു സാമ്പത്തിക മാന്ദ്യകാലമല്ല. അതായത്‌ അവർ ഈ ആഗോളമാന്ദ്യകാലത്തും കുറെയൊക്കെ വളർച്ചാസ്ഥിരത നിലനിറുത്തുന്നു.

തെക്കേ അമേരിക്ക മൊത്തത്തിൽ 2.4% വളർച്ചാനിരക്ക്‌ പ്രതീക്ഷിക്കുമ്പോൾ മെക്സിക്കോ തുടങ്ങിയ മദ്ധ്യ അമേരിക്കൻ രാജ്യങ്ങൾ ആഗോളീകരണത്തെ അമിതമായി ആശ്രയിച്ച്‌ തലകുത്തി വീഴുകയും ചെയ്തു.ആഗോള സാമ്പത്തിക മാന്ദ്യം ഇത്തരത്തിൽ തുടർന്നാൽ അത്‌ തീർച്ചയായും ലാറ്റിൻ അമേരിക്കയെയും ബധിക്കും. എങ്കിലും ചരിത്രത്തിലാദ്യമായി ലാറ്റിൻ അമേരിക്കൻ ഭൂതം അമേരിക്കയുടെ കുടത്തിൽ നിന്നും പുറത്തുവന്നിരിക്കുന്നു - കുറേയേറെ. ഇതുസംഭവിക്കുന്നത്‌ ലാറ്റിൻ അമേരിക്കയിലെ 10ൽ 8 രാജ്യങ്ങളും അമേരിക്കയെ ധിക്കരിക്കാൻ കെൽപുള്ള ഇടതുപക്ഷ ചായ്‌വുള്ള ആശയങ്ങളുള്ളവർ ഭരിക്കുമ്പോളാണ്‌.

ഈ ദശകത്തിന്റെ തുടക്കം മുതൽ ബൂർഷ്വാ മാധ്യമങ്ങൾ ലാറ്റിൻ അമേരിക്കക്ക്‌ 'മിസ്സാ'യ ബസ്സിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. ഇടത്തോട്ടുനീങ്ങുക വഴി ആഗോളീകരണത്തിന്റെ വർണ്ണക്കാഴ്ചകൾ അവർക്കു നഷ്ടപ്പെടുന്നതിനെപ്പറ്റി പരിതപിച്ചുകൊണ്ടിരുന്നു.എന്നാൽ ലാറ്റിൻ അമേരിക്കയാകട്ടെ, ഡോളറിന്റെയും ആഗോളീകരണത്തിന്റെയും എണ്ണപ്പാടയിൽ ചവുട്ടി അറ്റ്ലാന്റിക്‌ സമുദ്രം മുറിച്ചുകടക്കാൻ ശ്രമിക്കാതെ മറ്റൊരു പാത സ്വീകരിച്ചു. 'കാസിനോ കാപ്പിറ്റലിസം' പിന്‌തുടരാതെ 'ബദൽ പാത' പിന്‌തുടർന്ന അവർ ശെരിയെന്ന്‌ കാലം തെളിയിക്കും. നാശത്തിന്റെ പടുകുഴിയിൽ നിന്ന്‌ ഫീനിക്സ്‌ പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റ അർജ്ജന്റീനയും വെനിസ്വേലയും മറ്റും ഉദ്ഘോഷിക്കുന്നത്‌ മറ്റൊന്നല്ല.

അവർ ഇത്‌ നേടിയത്‌ എങ്ങനെയാണ്‌? വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളും ശക്തമായ സാമൂഹ്യ പരിപാടികളും. ഈ പുത്തൻ ലെഫ്റ്റ്‌, ജനാധിപത്യത്തിൽ വിശ്വസിക്കുന്നു. അവർ മതേതരത്ത്വത്തിലും സാമൂഹ്യസമത്വത്തിലും വിശ്വസിക്കുന്നു.2000-ൽ GDP യുടെ 37% കടം എന്ന അവസ്ഥയിൽ നിന്നും 20.9% കടം എന്ന അവസ്ഥയിലേക്ക്‌ അവരെത്തി. വറുതിയുടെ ഈ കാലത്ത്‌ ലോകം മുഴുവൻ തകർച്ചാ നിരക്കുകളുടെ കഥ പറയുമ്പോൾ ലാറ്റിൻ അമേരിക്ക പ്രളയ ജലധിയിൽ ഒരു ആലിലയെന്ന പോലെ അതിന്റെ യാത്ര തുടരുകയാണ്‌. ആതും സാമ്പത്തിക മാന്ദ്യത്തിന്റെ ദുരന്‌തം ഏറെ അനുഭവിക്കുന്ന ഒരു ഭാഗത്തുക്കൂടെ.
ശ്യാമു

Sunday, 15 February 2009

ഭ്രാന്ത്‌.

ഭ്രാന്തിന്‌ ഒരുപാടു സാദ്ധ്യതകളുണ്ട്‌.
നിഴലുകൾ വീണ നാട്ടുവഴി കൈമാടി വിളിക്കെ
പതിയെ പൂച്ചക്കാലടിവെച്ച്‌ പുറം കടക്കാം.
മയക്കം നടിച്ചുകിടക്കുന്ന ഉച്ചകളിലേക്ക്‌ കല്ലുരുട്ടിയിട്ട്‌ കൈകൊട്ടിച്ചിരിക്കാം.

ഭ്രാന്തിന്‌ ഒരുപാട്‌ സാദ്ധ്യതകളുണ്ട്‌.
പകലുകളുടെ സ്വപ്നാടനം രാത്രികളുടെ ഉണർച്ചകൾ,
കൊടിമരച്ചുവട്ടിലെ ഒറ്റയാൻ നൊമ്പരം,
ഏകാന്ത ജാലകങ്ങളിലെ സൗഹൃദ ഗൃഹാതുരത്വം.

ഒരു മുദ്രാവാക്യം പോലെ തീക്ഷണമാവാം,
കൂട്ടുകാരി മൂളും കൃഷ്ണകവിത പോലെ ആർദ്രമാവാം...
നിരാസത്തിന്റെ നിരാലമ്പത ചാരി
വീണ്ടും സ്വപ്നത്തിന്റെ കണ്ണെഴുതാം,പറയാത്തൊരു കളിവാക്കാൽ ചുണ്ടൊക്കെ ചോപ്പിച്ച്‌ ഇരുൾമുറിയുടെ തെളിയാത്ത നിലവിളക്ക്‌ കാത്തിരിക്കാം.

ഭ്രാന്തിന്‌ ഒരുപാട്‌ സാദ്ധ്യതകളുണ്ട്‌.
വിരലുകൾ കടിച്ചുമുറിച്ച്‌, വംശദുഖത്തിന്റെ ചവർപ്പ്‌ നുണയാം,
മോചനമില്ലാതെ കുരുക്കുകളിൽ നിന്ന് കുരുക്കുകളിലേക്ക്‌ കുരുക്കുകളിൽ കുരുങ്ങി രസിച്ച്‌,
ഇല്ലാത്തൊരു വിരൽത്തുമ്പ്‌ പിടിച്ച്‌ അറ്റം കാണാത്തൊരു കിനറിന്റെ ഉൾത്തണുപ്പിലേക്ക്‌
ഒരുപക്ഷേ പൊക്കിൾക്കൊടിയുടെ പിടിവള്ളിയോളം ചെന്നെത്താം.
സ്മിത കെ വി, വാളൂർ.
ജാലകം