Tuesday, 5 January 2021

 പാർശ്വവൽക്കരണത്തിൻ്റെ പരിഭാഷ്യങ്ങൾ

അത്ര ലളിതമല്ല സുഹൃത്തേ
തലങ്ങളുണ്ടതിന്;മാനങ്ങളും
ഒരു ഓർമ്മയ്ക്കും പഴുതില്ലാത്ത വിധം
തന്നെത്തന്നെ അടച്ചു പൂട്ടിയ ഒരുവളെ കാണുക
ഇടത്തരമായതെന്തുംമടുത്തു പിൻ വാങ്ങിയതാണവൾ
ഒന്നാം സ്ഥാനക്കാരിൽ ഒന്നാംകിടക്കാരി
ഇടത്തരം ദിനരാത്രങ്ങർ
ഇടത്തരം ചിന്താപദ്ധതികൾ
ഇടത്തരം വിനിമയങ്ങൾ
മൗനങ്ങൾ
മുനമ്പുകളൊന്നും സന്ദർശിക്കാത്ത
പ്രണയങ്ങൾ
ഉന്മാദങ്ങളൊന്നും പങ്കവയ്ക്കാത്ത സൗഹൃദങ്ങൾ
മുന കൂർപ്പിക്കാത്ത നിലപാടുകൾ
തീഷ്ണ മേയല്ലാത്ത
ഗവേഷണ പ്രബദ്ധം പോലെ
തെരുവ് രാഷ്ട്രീയം
എല്ലാം മടുത്തെറിഞ്ഞവൾ
സ്വയം കൃത ബഹിഷ്കൃത
വിജയങ്ങൾ പോലും വിരസമായവൾക്ക്;
മത്സരത്തിൻ്റെ സാമൂഹിക മാനങ്ങളില്ല
കഠിനാധ്യാനത്തിൻ്റെ മോട്ടിവേഷനുകളില്ല
ലക്ഷ്യബോധത്തിൻ്റെ ഏകാഗ്രതയില്ല
കാത്തിരിപ്പിൻ്റെ ചൂണ്ടപ്പണികളില്ല
അനായാസ വിജയി
ഏകാന്ത വിജയി
വെറും വിജയി
താഴ്വരയിലെ മയക്കുമരുന്നു കച്ചവടക്കാരാ
നിൻ്റെ വന്യ സുഗന്ധത്തെ പുറം കൈ
കൊണ്ട് തൂത്തെറിയുമിവളെ നീപിന്തുടരുക
നിൻ്റെ ഏറ്റവും വിവശയായ ആവശ്യക്കാരിയാണവൾ
ഏറ്റവും മികച്ച ഉപഭോക്താവ്
പ്രണയ വേട്ടക്കാരാ
നിൻ്റെ ഇരകളിൽ
ഏറ്റവും പ്രലോഭനീയ
കരുനീക്കങ്ങളിൽ നിനക്കു തുല്യം സമർത്ഥ
വിചിത്ര വിസ്മയങ്ങളുടെ ജനിതകമുള്ള
പ്രണയ വിദഗ്ദ്ധ
അറിയുക
നിനക്കു തുല്യം എതിരാളി.......

                                                            സ്മിത ജയരാമൻ
ജാലകം