Saturday, 30 May 2009

ചിതൽ തിന്നു രൂപം മാറിയ ഒരേട്‌

പരേതനായ പരമേശ്വരൻ നായർ ഇന്നും ജീവിച്ചിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ നിന്നു തുടങ്ങി ഈ നൂറ്റാണ്ടിൽ മുഴുവൻ ഒഴുകി നടന്ന ജീവിതം. ആയിരം പൂർണ്ണചന്ദ്രന്മാരെയും അതിനടുത്ത ധൂമകേതുക്കളെയും കണ്ടുകഴിഞ്ഞ ജീവിതം.രണ്ടു നൂറ്റാണ്ടുകളിലായി ആഴത്തിൽ വേരുകളോടി പടർന്നു പന്‌തലിച്ച ജീവിതകഥയല്ലേ, ചുരുക്കി പറയാം.മറ്റു പലരെയും പോലെ പരമെശ്വരൻ നായർക്കും ഒരഛനുണ്ടായിരുന്നു- വിഷ്ണുനമ്പൂതിരി. അമ്മയുണ്ടായിരുന്നു- കൊച്ചമ്മിണിയമ്മ. തറവാടും തരവാട്ടുമഹിമകളും ഉണ്ടായിരുന്നു. വീരശൃംഖല വാങ്ങിയ അമ്മാവന്മാരുണ്ടായിരുന്നു.അങ്ങിനെ എല്ലാം ഉണ്ടായിരുന്ന പരമേശ്വരൻ നായർക്ക്‌ ദേവീവിലാസം ഹോട്ടൽ&ടീഷോപ്പും ഉണ്ടായിരുന്നു.മാർദ്ദവമുള്ള ദോശ,രുചിയുള്ള തേങ്ങാച്ചട്‌ണി, ശൗര്യമുള്ള പരിപ്പുവട. ദേവീവിലാസത്തിൽ എപ്പോഴും തിരക്കോടു തിരക്കുതന്നെ.

പരമേശ്വരൻ നായർ ധർമ്മിഷ്ടനായിരുന്നു. സത്യസന്ധനായിരുന്നു. മിതഭാഷിയായിരുന്നു. സൗമ്യനായിരുന്നു. ഈ നൂറ്റാണ്ടിന്റെ നാൾവഴി പേരേടിൽ കൊള്ളിക്കാൻ കൊള്ളാത്ത ഒരു വസ്തു.തന്നെക്കുറിച്ച്‌ ലോകം നല്ലതേ പറയാവൂ എന്ന്‌ വലിയ നിർബന്ധമായിരുന്നു പരമേശ്വരൻ നായർക്ക്‌. ആലോചിക്കുന്നതും പറയുന്നതും ചെയ്യുന്നതും എല്ലാം ആ ഒരു ഉദ്ദേശം മുന്നിൽ കണ്ടുകൊണ്ടായിരിക്കും. അതുകൊണ്ട്‌ ധാരാളം പേർ ചായക്കടയിൽ നിന്നും കടം പറ്റി. 'പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും'; കാര്യം മനസ്സിലാക്കിയ ഒരു നല്ല നാട്ടുകാരൻ പ്രസ്താവിച്ചു.

ഏന്‌തെല്ലാം കണ്ടവനാണ്‌ പരമേശ്വരൻ നായർ! കൊച്ചി രാജ്യത്ത്‌ ജനിച്ചു; കൊച്ചി പോയി തിരുക്കൊച്ചി വന്നു. തിരുക്കൊച്ചിയും പോയി കേരളം വന്നു. കേരളം കുറേശെക്കുറേശെ കടലിലേക്കാണ്ടു പോയിത്തുടങ്ങി. ആയിരക്കണക്കിനേക്ര വരുന്ന അരിച്ചാൻ കുന്നിൽ തകൃതിയായി പണി നടക്കുന്നു. ഒരു വലിയ കമ്പനി വരാൻ പോകുന്നു, വെള്ളക്കാരുടെ.പരമേശ്വരന്നായരുടെ കടയിൽ തിരക്കു വർദ്ധിച്ചു. മേശയിൽ കാശുനിറഞ്ഞു. ഒരു പറമ്പു മേടിച്ചു. പുര പണിതു. ആൾക്കാർ പറഞ്ഞു, പരമേശ്വരൻ നായർക്ക്‌ ഇപ്പോൾ കൊയ്ത്താ. പിന്നെ തലങ്ങും വിലങ്ങും ഹോട്ടെൽ ടീ ഷോപ്പുകൾ ഉയർന്നു.
2
ചാലക്കുടി പാലത്തിനടിയിൽക്കൂടി ധാരാളം വെള്ളം കലങ്ങിമറിഞ്ഞു കുത്തിയൊലിച്ച്‌ ഒഴുകിപ്പോയി. കൂട്ടത്തിൽ ഭൂപരിഷ്കരണത്തിലും വ്യവഹാരത്തിലും പെട്ടുപരമേശ്വരൻ നായരുടെ പൂർവ്വികർ നേടിവച്ചിരുന്നതെല്ലാം ഒലിച്ചുപോയി. പരമേശ്വരൻ നായർ ഇരിങ്ങാലക്കുടക്കു നടന്നു. ഗുമസ്തനെ കണ്ടു, വക്കീലിനെ കണ്ടു, കോടതി കണ്ടു. വീണ്ടും വക്കീലിനെ കണ്ടു, വീണ്ടും വീണ്ടും ഗുമസ്തനെ കണ്ടു. കണ്ടു കണ്ടു കണ്ണിനു മൂടൽ ബാധിച്ചു.ചായക്കട ചായയടിക്കാരൻ ഗോപാലൻ നായരെ ഏൽപിച്ചു.ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഗോപാലൻ നായർ വിശ്വസ്തനാണ്‌, നായരുമാണ്‌. പരമേശ്വരൻ നായർ ശ്രദ്ധിക്കാതായപ്പോൾ ദേവീ വിലാസത്തിന്റെ പേരും പ്രശസ്തിയും ഒന്നിരുന്നു. ആൾക്കാർ കാശുള്ളപ്പോൾ മറ്റു കടകളിൽ കേറും, കാശില്ല്ലാത്തപ്പോൾ ദേവീവിലാസത്തിലും.ഇങ്ങനെ കടം കൊത്തുകൂട്ടുന്നതിൽ ഗോപാലൻ നായർക്ക്‌ പ്രതിഷേധമുണ്ടായിരുന്നു. "എന്‌തൊക്കെയായാലും ഇത്‌ എന്റെയും ചോറല്ലേ?" പക്ഷേ "പരമേശ്വരൻ നായർ മനുഷ്യരുടെ മുഖത്തു നോക്കി അറുത്തുമുറിച്ച്‌ പറയില്ല". നല്ലവനായ നാട്ടുകാരൻ പറഞ്ഞു."ആൾക്കാരെക്കൊണ്ടു നല്ലതുപറയിക്കാൻ ഒരു പുരുഷായുസ്സുമുഴുവൻ പണിപ്പെട്ടാലും സാധിച്ചെന്നുവരില്ല, മറിച്ചുപറയിക്കാനോ?" പരമേശ്വരൻ നായർ എന്‌തായാലും അതിനു തയ്യാറല്ല. ഗോപാലൻ നായരും തീരുമാനിച്ചു. "അങ്ങോർക്കു വേണ്ടെങ്ങിൽപ്പിന്നെ ഞാനെന്‌തിനു നാട്ടുകാരുടെ മുന്നിൽ ചീത്തയാവണം?"

എങ്ങിലും ഗോപാലൻ നായർ പറ്റുപിടിക്കാരെ പരമാവധി ശല്യം ചെയ്തു. പിരിക്കാവുന്നത്ര പിരിച്ചുകൊണ്ടിരുന്നു. അതിൽ അര രൂപാ, കാൽ രൂപാത്തുട്ടുകൾ ഗോപാലൻ നായരുടെ തൊഴുത്തിന്റെ മുളങ്കാലുകളിൽ സ്ഥാനം പിടിച്ചു. മുളങ്കാലുകൾ കൂടെക്കൂടെ മാറിക്കൊണ്ടിരുന്നു. പകരം പുതിയ മുളങ്കാലുകൾ സ്ഥാനം പിടിച്ചു.
3
പലചരക്കുകടയിലും പച്ചക്കറിക്കടയിലും കടം കുന്നുകൂടി. പരമേശ്വരൻ നായർക്കു വഴിനടക്കാൻ വയ്യെന്നായി. ഉണ്ടായിരുന്ന സ്ഥാവരവും ജംഗമവുമായ സ്വത്തുക്കളെല്ലാം വിറ്റു കടം വീട്ടി. പിന്നേയും മൂക്കറ്റം കടം. ചായക്കട ചുളുവിലക്ക്‌ വാങ്ങിക്കൊള്ളാമെന്ന്‌ ഗോപാലൻ നായർ വാഗ്ദാനം ചെയ്തു. ഗോപാലൻ നായർ ദേവീവിലാസാത്തിലെ സ്ഥിരം ചായയടിക്കാരനാണ്‌, വിശ്വസ്തൻ, പോരാത്തതിന്‌ നായരും!പരമേശ്വരൻ നായർ തനിക്കു പിരിഞ്ഞു കിട്ടാനുണ്ടായിരുന്ന കിട്ടാക്കടങ്ങളെല്ലാം സർക്കാർ കാർഷികക്കടങ്ങളെന്ന പോലെ എഴുതിത്തള്ളി, പാവങ്ങളല്ലേ, ഉണ്ടെങ്കിൽ തരില്ലേ?" വീട്ടാനുണ്ടായിരുന്നതെല്ലാം വീട്ടിക്കഴിഞ്ഞ്‌ ദേവീവിലാസത്തിൽ നിന്നും ശുദ്ധരിൽ ശുദ്ധനായി പുറത്തുവന്നു, എന്നെന്നേക്കുമായി.സ്വന്‌തം തറവാടുവീട്‌ അന്ന്യാധീനമായിക്കഴിഞ്ഞിരുന്നതിനാൽ ഭാര്യവീട്ടിൽ സ്ഥിരതാമസമാക്കി.സത്യധർമ്മാദി അനുഷ്ടാനങ്ങളിൽ പരമേശ്വരൻ നായർ സ്ഥലകാലഭേദം നോക്കാറില്ല. "എല്ലാം നഷ്ടപ്പെട്ടിട്ടും അങ്ങോർ ദാനധർമ്മാദികൾ കൈവെടിഞ്ഞില്ല, ഇങ്ങനെയുള്ളവർക്ക്‌ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നാലും ദൈവം അവരെ കൈവെടിയില്ല": നല്ലവനായ നാട്ടുകാരൻ പ്രസ്താവിച്ചു.

ഭാര്യ വീട്ടിലും പരമേശ്വരൻ നായർ തന്റെ പഴയ സ്വഭാവം തുടർന്നുവന്നു. കൈയിൽ കിട്ടിയതെല്ലാം പെറുക്കി ദാനം ചെയ്യും, കണ്ടവരെയെല്ലാം വിളിച്ച്‌ സൽക്കരിക്കും, അടുക്കളയിൽ നിന്ന്‌ ആദ്യമാദ്യം അടക്കിപ്പിടിച്ച അപസ്വരങ്ങളുയർന്നു. "കാരണവർക്ക്‌ 'ചിന്നന്റെ' തുടങ്ങി,പ്രായം ഏറെയായില്ലേ".വാസ്തവമാണ്‌. പരമേശ്വരൻ നായരുടെ പുരികം വരെ നര കയറിക്കഴിഞ്ഞിരുന്നു. ഒരുപരിധി വരെ പരമേശ്വരൻ നായരുടെ 'നൊസ്സ്‌' ഭാര്യയും മക്കളും സഹിച്ചു. സഹിക്കാൻ വയ്യാതായപ്പോൾ അസഹനീയത പുറത്തുകാണിക്കാൻ തുടങ്ങി. അങ്ങനെ പരമേശ്വരൻ നായർ തെരുവിലേക്കിറങ്ങി. "എങ്ങനെ കഴിഞ്ഞിരുന്ന മനുഷ്യനാ! ഇങ്ങോർക്ക്‌ ഈ ഗതി വന്നല്ലോ!" നല്ലവനായ നാട്ടുകാരൻ അനുശോചിച്ചു.പഴയ ദേവീവിലാസം ഹോട്ടലിന്റെ മുൻവശത്തുള്ള പടർന്നുപന്‌തലിച്ച കോമാവിൻ ചുവട്ടിൽ പകൽ കഴിച്ചുകൂട്ടും. രാത്രി ദേവീവിലാസത്തിന്റെ തിണ്ണയിലും.ഇപ്പോൾ ദേവീവിലാസമില്ല. പുതിയ ബോർഡ്‌ പ്രത്യക്ഷപ്പെട്ടു:" ഹിന്ദു മിലിട്ടറി ഹോട്ടൽ." കാലഘട്ടത്തിന്റെ ഹോട്ടൽ ബിസ്സിനസ്സ്‌ എങ്ങനെയെന്ന്‌ ഗോപാലൻ നായർ മക്കൾക്ക്‌ മനസ്സിലാക്കിക്കൊടുത്തു. അവർ അത്‌ പരിപൂർണ്ണമായി നടപ്പിൽ വരുത്തി. ഇന്ന്‌ ഗോപാലൻ നായർ ഇല്ല. മക്കൾ ആണ്‌ ഹോട്ടൽ നടത്തുന്നത്‌. അവർ ഉയർന്നു, പെട്ടന്നുയർന്നു. പ്രമാണിമാരായി. എന്നിട്ടും ഒരു നേരത്തെ ചോറ്‌ പരമേശ്വരൻ നായർക്ക്‌ കൊടുത്തുപോന്നു. യാതൊരു ചാഞ്ചല്യവും കൂടാതെ പരമേശ്വരൻ നായർ അതുവാങ്ങി ഭക്ഷിച്ചും പോന്നു, അവകാശമെന്നതു പോലെ.

പെട്ടന്നൊരു ദിവസം അതും മുടങ്ങി.അതുവരെ അനുവർത്തിച്ചു വന്നതിന്റെ തുടർച്ചയോ മറുവശമോ. മനുഷ്യനോട്‌ അടങ്ങാത്ത വിദ്വേഷം.മനുഷ്യനെ കണ്ടുകൂടാ. ഉണ്ണാൻ വരുന്നവരെ തെറി വിളിക്കാൻ തുടങ്ങിയപ്പോൾ ഒരില ചോറുണ്ടായിരുന്നത്‌ നഷ്ടപ്പെട്ടു. പരമേശ്വരൻ നായർ തെണ്ടാൻ പോയില്ല. പട്ടിണി കിടന്നു. വിശപ്പെന്‌തെന്ന്‌ പരമേശ്വരൻ നായർക്ക്‌ അറിവില്ലായിരുന്നു. ദാഹിക്കുമ്പോൾ പൈപ്പിൽ നിന്നും വെള്ളം കുടിക്കും. പക്ഷേ പൈപ്പും മിക്കപ്പോഴും പരമേശ്വരൻ നായരെ വഞ്ചിക്കാറാണ്‌ പതിവ്‌.സ്ക്കൂൾ കുട്ടികൾ കാലത്തും വൈകീട്ടും പരമേശ്വരൻ നായർക്കുചുറ്റും കൂടും. കൂവും, ഞോണ്ടും. 'പിരിലൂസ്‌'നായർ എന്നാർത്തു ചിരിക്കും. പരമേശ്വരൻ നായരും ചിരിക്കും. ധാരാളം ഡിഗ്രികളും ഡോക്ടറേറ്റുകളും പരമേശ്വരൻ നായർ ആയിടക്ക്‌ സമ്പാദിച്ചു:" നാറാണത്തു നായർ, പരേതൻ പരമേശ്വരൻ നായർ... അങ്ങിനെയങ്ങിനെ. "തലമറന്നെണ്ണതേച്ചതാ, എല്ലാവർക്കും അങ്ങോർ ഒരു പാഠമാണ്‌" നല്ലവനായ നാട്ടുകാരൻ പ്രസ്താവിച്ചു.
4
പണ്ടൊരു നായ ധർമ്മപുത്രരുടെ കൂടെ കൂടിയില്ലേ, അതിന്റെ സന്‌തതിപരമ്പരകളിലൊന്നാണെന്നു തോന്നുന്നു, ഒരു കൊടിച്ചിപ്പട്ടി പരമേശ്വരൻ നായരുടെ കൂടെ കൂടി.- അതും ഒരു കഥയാണ്‌. 'ഹിന്ദു മിലിട്ടറി ഹോട്ട'ലിലെ എച്ചിലില നക്കി മദിച്ചുനടക്കുന്ന കാലത്ത്‌ അതിനൊരു കാമുകനുണ്ടായിരുന്നു. ഒരു കൊച്ചുവെളുപ്പാൻ കാലത്ത്‌ നമ്മുടെ കൊടിച്ചിയും അവളുടെ കാമുകനും റോഡിന്റെ ഓരത്ത്‌ പ്രേം നസീറും ഷീലയും ചേർന്നുള്ള ഒരു പ്രണയരംഗം അഭിനയിക്കുകയായിരുന്നു. ഒരു ലോറി തെക്കു നിന്ന്‌ ഓടിവന്ന്‌ കൊടിച്ചിയുടെ ചന്‌തിക്ക്‌ ഒരിടി കൊടുത്ത്‌ വടക്കോട്ട്‌ ഓടിപ്പോയി. കൊടിച്ചി തെറിച്ചുവീണു, ഉരുണ്ടുപുളഞ്ഞു. കുറേ നേരം ബോധമറ്റു കിടന്നു. അവളുടെ കാമുകൻ കുറേ നേരം മണപ്പിച്ചു ചുറ്റിനടന്ന്‌ അനുശോചനം രേഖപ്പെടുത്തി. കുറെ കൂട്ടുകാരും അനുശോചനം രേഖപ്പെടുത്താൻ എത്തി. അക്കൂട്ടത്തിൽ ഒരുവളുടെ കൂടെ തെന്റെ കാമുകൻ മണപ്പിച്ചുമണപ്പിച്ചു പോകുന്നതാണ്‌ ബോധം വീണപ്പോൾ നമ്മുടെ കൊടിച്ചി കാണുന്നത്‌.അവൾ നിസ്സഹായതയോടെ മോങ്ങി, കണ്ണീർ വാർത്തു.പരമേശ്വരൻ നായർ എല്ലാം വീക്ഷിച്ചുകൊണ്ട്‌ ഇരുക്കുന്നുണ്ടായിരുന്നു. അയാൾക്ക്‌ ആ കൊടിച്ചിയോട്‌ സഹതാപം തോന്നി, സഹതാപം സ്നേഹമായി. നായക്കും നായരെ ഇഷ്ടപ്പെട്ടു. ഏകാന്‌തതയിൽ മനുഷ്യനായാലും തരക്കേടില്ല, ഒരു കൂട്ടായല്ലോ. നായരെയും ഏകാന്‌തത ബുദ്ധിമുട്ടിക്കുകയായിരുന്നു. ഏകാന്‌തതക്ക്‌ പ്രതിവിധി സ്നേഹം മാത്രം. ഇത്രനാളത്തെ ജീവിതം, ഒരു മനുഷ്യനേയും സ്നേഹിക്കാൻ കൊള്ളില്ലെന്ന വികൃത യാഥർത്ഥ്യം പരമേശ്വരൻ നായർക്ക്‌ മനസ്സിലാക്കിക്കൊടുത്തു. അയാൾ ആ കൊടിച്ചിപ്പട്ടിയെ നിർല്ലോപം സ്നേഹിച്ചു.

ഒരു ദിവസം കൊടിച്ചി കുപ്പത്തൊട്ടിയിൽ നിന്ന്‌ ആർത്തിയോടെ എച്ചിലില നക്കുന്നത്‌ നായർ കണ്ടു. അതോടെ ഒരു പുതിയ ആശയം അയാളിൽ ഉടലെടുത്തു. വിശപ്പ്‌! അതു മാറ്റാൻ ഭക്ഷണം! പിന്നീട്‌ അവർ രണ്ടുപേരും ചേർന്ന്‌ എച്ചിലില വൃത്തിയാക്കാൻ തുടങ്ങി. ഒരേ ഇലയിൽ നിന്നും രണ്ടുപേരും ഭക്ഷിച്ചു.അര നൂറ്റാണ്ടിലേറെ സത്യസന്ധമായി ഹോട്ടൽ നടത്തിയ പരമേശ്വരൻ നായർ ഊണുകഴിക്കുന്നവന്റെ ചോറിൽ തലമുടിനാരുകാണണേ എന്നു കൊതിച്ചു.ചിലപ്പോഴൊക്കെ പ്രാർത്ഥന ഫലിച്ചു.മറ്റൊന്നും ചിന്‌തിക്കാനില്ലാത്തതുകൊണ്ട്‌ നായരും നായയും അല്ലലില്ലാതെ കഴിഞ്ഞു. നായരുടെ കീറച്ചാക്കിൽ അയാളുടെ കാലടി നക്കി കൊടിച്ചിയും ചുരുണ്ടുകൂടും.കാലടിയല്ല ചെരുപ്പുവരെ നക്കുന്നവനാണ്‌ മനുഷ്യൻ; പക്ഷെ സ്നേഹത്തിനുവേണ്ടിയല്ല, സ്വാർത്ഥത്തിനു വേണ്ടി മാത്രം. ഇവൾക്ക്‌ സ്നേഹം മാത്രം, അയാളിൽ നിന്നും അവൾ ഒന്നും ആവശ്യപ്പെട്ടില്ല, ആഗ്രഹിച്ചുമില്ല. ശാന്‌തമായി തന്റെ ഭക്ഷണം അയാളുമായി പങ്കിട്ടു, അയാളുടെ കാലടിയിൽ ചുരുണ്ടു കൂടി.
5
ഒരുദിവസം എച്ചിലില സദ്യയും കഴിഞ്ഞ്‌ നായരും കൊടിച്ചിയും ഒന്നുമയങ്ങിപ്പോയി. അതാ ഒരു തേര്‌! കൈയ്യിൽ പാശവുമായി മൂന്നുനാലു യമകിങ്കരന്മാർ ചാടിയിരങ്ങി. ധർമ്മപുത്രരേപ്പോലെ നന്മകൾ മാത്രം ചെയ്ത തന്നെയും ഉടലോടെ സ്വർഗ്ഗത്തിലേക്ക്‌ കൊണ്ടുപോകാൻ യമ ധർമ്മൻ ആളെ അയച്ചിരിക്കയാണ്‌. എന്‌തായാലും ഈ കൊടിച്ചിക്കും കൂടി ഒന്നു ശുപാർശ ചെയ്തുനോക്കാം. താൻ പോയാൽ പവം അനാഥയാവും.കിങ്കരന്മാർ കൊലക്കുടുക്കിട്ട്‌ കൊടിച്ചിയെ വലിച്ചുചാക്കിൽ കെട്ടി. നായർ ആവുന്നതും കെഞ്ചി, തന്നെകൂടെ അതുപോലെ ചാക്കിൽ കെട്ടി തേരിൽക്കയറ്റി ഉടലോടെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകാൻ. പക്ഷേ കിങ്കരന്മാർക്ക്‌ അതിനു വകുപ്പില്ല!അവർ പറഞ്ഞു: "എടോ ലൂസ്‌ നായരേ, ഈ പട്ടിയെ കൊണ്ടുപോയാൽ പഞ്ചായത്തിൽ നിന്നു ഒരു രൂപ, പിന്നെ മറ്റുദ്ദേശ്യക്കാരിൽ നിന്ന്‌ രണ്ടു രൂപ മൊത്തം മൂന്നു രൂപ കിട്ടും. തന്നെ കൊണ്ടുപോയാലോ?"ഇത്‌ ദ്വാപരയുഗമല്ലെന്നും കലിയുഗത്തിൽ ധർമ്മപുത്രനു സ്വർഗ്ഗത്തിൽ സ്ഥാനമില്ലെന്നും പാവം പരമേശ്വരൻ നായർക്കു മനസ്സിലാക്കാനായില്ല.തന്നേക്കാൾ വില ആ കൊണ്ടുപോയ കൊടിച്ചിക്കാണെന്നു മനസ്സിലാപ്പോൾ പരമേശ്വരൻ നായർ ഉറക്കെ കുരച്ചു, ഇടനെഞ്ചുപൊട്ടുമാറുച്ചത്തിൽ കുരച്ചു. മറ്റുനായ്കൾ, ജീപ്പ്പ്പിലുണ്ടായിരുന്നവയും പുറത്തുണ്ടായിരുന്നവയും പ്രതിഷേധിച്ചുകുരച്ചു. വരും തലമുറ നായർക്കു ചുറ്റും നിന്ന്‌ ആർത്താർത്തു ചിരിച്ചു.

കെ വിജയൻ

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. എനിക്ക്‌ ഓർമ്മ വെച്ചതിനുശേഷം കാര്യമായി ഒന്നും എഴുതാത്ത അഛന്റെ പഴയ ചില നോട്ടുകൾ. ഈ ഡയറിയുടെ പേജ്‌ ജനുവരി 5, വ്യാഴം, 1976 എന്നുകാണിക്കുന്നു. പേര്‌ അന്വർത്ഥമാക്കുന്ന ഒരു കുറിപ്പിൽ നിന്നും തുടങ്ങുന്നു:"ചിതൽ തിന്നു രൂപം മാറിയ ഒരേട്‌".

    ReplyDelete
  3. കൊള്ളാം കേട്ടോ

    ReplyDelete
  4. ഫോണ്ട് ഇത്രേം ചെരുതായാല്‍ വായിക്കാന്‍ പ്രയാസമല്ലേ..?
    അല്പം വലുതാക്കിക്കൂടെ..?

    ReplyDelete
  5. ഇപ്പോൾ ഫോണ്ട്‌ O K ?

    ReplyDelete
  6. പുതുവത്സരാശംസകള്‍!
    :)

    ReplyDelete

ജാലകം